മാഞ്ചസ്റ്റർ: കൊച്ചി - യുകെ എയർ ഇന്ത്യ ഡയറക്ട് വിമാന സർവീസ് പുനഃസ്ഥാപിക്കണമെന്ന ആവശ്യവുമായി ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യുകെ കേരള ചാപ്റ്റർ വീണ്ടും സജീവമായി രംഗത്ത്.
യുകെയിലെ പ്രവാസി മലയാളികളുടെ യാത്രാ ആവശ്യങ്ങൾ പരിഗണിച്ച് സർവീസ് എത്രയും വേഗം പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് ആന്റോ ആന്റണി എംപിക്ക് സംഘടന നിവേദനം നൽകി.
കേരള ചാപ്റ്റർ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യുവിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ഒന്നര വർഷത്തിലേറെയായി ഈ വിഷയത്തിൽ വിവിധ തലങ്ങളിൽ ഇടപെടലുകൾ തുടരുകയാണ്. യൂത്ത് വിംഗ് കോഓർഡിനേറ്റർ സുമിൻ വർഗീസിന്റെ നേതൃത്വത്തിലാണ് നിവേദനം എംപിക്ക് കൈമാറിയത്.
ഇതിന് മുമ്പ് കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രാലയം, എയർ ഇന്ത്യ, കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (സിയാൽ), ഇന്ത്യൻ ഹൈക്കമ്മീഷൻ എന്നിവർക്കും സംഘടന ഓൺലൈനായി നിവേദനങ്ങൾ സമർപ്പിച്ചിരുന്നു.
2025 ജനുവരി 29ന് കൊച്ചി - യുകെ ഡയറക്ട് സർവീസ് അവസാനിപ്പിക്കുമെന്ന് എയർ ഇന്ത്യ പ്രഖ്യാപിച്ചതിനെ തുടർന്നാണ് യുകെയിലെ വിവിധ പ്രവാസി സംഘടനകൾ പ്രതിഷേധവും ഇടപെടലുകളും ശക്തമാക്കിയത്.
ഐഒസി യുകെ കേരള ചാപ്റ്ററിന്റെ നേതൃത്വത്തിൽ കേന്ദ്ര സർക്കാർ, എയർ ഇന്ത്യ, സിയാൽ അധികൃതർ എന്നിവരുമായി ആശയവിനിമയം തുടരുകയാണെന്ന് സംഘടന അറിയിച്ചു.
സിയാൽ മാനേജിംഗ് ഡയറക്ടർ എസ്. സുഹാസ് എയർ ഇന്ത്യ അധികൃതരുമായി നടത്തിയ ചർച്ചകൾ പ്രതീക്ഷ നൽകുന്നതാണെന്നും ,ആവശ്യമായ സാങ്കേതിക-റഗുലേറ്ററി അനുമതികൾ ലഭിച്ചാൽ സർവീസ് പുനരാരംഭിക്കാൻ എയർ ഇന്ത്യ അനുകൂല സമീപനം സ്വീകരിച്ചിട്ടുണ്ടെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടുന്നു.
2020 ഓഗസ്റ്റിൽ ആരംഭിച്ച കൊച്ചി - യുകെ ഡയറക്ട് സർവീസ് യുകെയിലെ മലയാളികൾക്ക് ഏറെ പ്രയോജനകരമായിരുന്നുവെന്ന് സംഘടന വ്യക്തമാക്കി. സർവീസ് നിർത്തലാക്കിയതോടെ വിദ്യാർഥികൾ, ആരോഗ്യപ്രവർത്തകർ, കുടുംബങ്ങൾ, ബിസിനസ് യാത്രക്കാർ എന്നിവർക്ക് അധിക ചെലവും സമയനഷ്ടവും നേരിടേണ്ടിവരുന്നതായും ഏകദേശം അഞ്ച് ലക്ഷം മലയാളികളുടെ യാത്രാ ആവശ്യങ്ങളെ ഇത് പ്രതികൂലമായി ബാധിക്കുന്നതായും നിവേദനത്തിൽ പറയുന്നു.
നിവേദനം സ്വീകരിച്ച ആന്റോ ആന്റണി വിഷയം പാർലമെന്റിലും കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രാലയത്തിനുമുന്നിലും ശക്തമായി ഉന്നയിക്കുമെന്ന് ഉറപ്പുനൽകിയതായി സംഘടന അറിയിച്ചു. തുടർന്ന് അദ്ദേഹം കേരള ചാപ്റ്റർ ജനറൽ സെക്രട്ടറി റോമി കുര്യാക്കോസുമായി വീഡിയോ കോളിൽ സംസാരിക്കുകയും വിഷയത്തിൽ പൂർണ പിന്തുണ വാഗ്ദാനം ചെയ്യുകയും ചെയ്തു.
കൊച്ചി - യുകെ ഡയറക്ട് വിമാന സർവീസ് പുനഃസ്ഥാപിക്കുന്നതുവരെ ശക്തമായ ഇടപെടലുകൾ തുടരുമെന്ന് ഐഒസി യുകെ കേരള ചാപ്റ്റർ നേതൃത്വം അറിയിച്ചു.